കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നൗഫൽ. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ ട്രാക്കിൽ അപകടമുണ്ടായതായി തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് ഉടൻ റെയിൽവേ പോലീസിനെയും പ്രാദേശിക പോലീസിനെയും വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ നൗഫലിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.






























