കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.) സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ആണ് കൊച്ചി മെട്രോ മൂന്നാംഘട്ടത്തിനുള്ള പദ്ധതിരേഖ നൽകിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് പുതിയ പാത കടന്നുപോകുന്നത്. ഈ പാതയിൽ കുറച്ചുദൂരം ഭൂഗർഭപാതയും ഉണ്ടായിരിക്കും. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റോപ്പുകൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണ് അടുത്ത ഘട്ടം.
സംസ്ഥാന സർക്കാർ ഈ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകേണ്ടത്. നിലവിൽ ആലുവയിൽനിന്ന് തൃപ്പൂണിത്തുറവരെ മെട്രോ സർവീസ് നടത്തുന്നുണ്ട്. ഈ പാതയ്ക്ക് 27 കിലോമീറ്റർ ദൈർഘ്യമുണ്ട്. കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണം നടക്കുകയാണ്. ഈ പണി അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ മൂന്നാംഘട്ടം പൂർത്തിയായാൽ തൃപ്പൂണിത്തുറയിൽനിന്ന് കയറുന്ന യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയും. അങ്കമാലിയിൽനിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയിലേക്ക് പോകുന്നത്. മെട്രോ വരുന്നതോടെ ഇവരുടെ യാത്ര കൂടുതൽ എളുപ്പമാകും. നാലാം ഘട്ടത്തിൽ മെട്രോ കാക്കനാട്ടേക്ക് നീട്ടണമെന്ന ആവശ്യവുമുണ്ട്. തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പനവഴി കാക്കനാട്ടേക്ക് സർക്കുലർ പാതയാക്കണമെന്നാണ് ആവശ്യം.































