ബഗഹ: നേപ്പാള്‍ പ്രളയത്തെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദി ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാന്‍ കഴിയാത്ത അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ എത്തിയ മത്സ്യങ്ങള്‍ ഭക്ഷിച്ച ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ അജ്ഞാത മത്സ്യങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബിഹാര്‍ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പ്. പ്രളയജലത്തില്‍നിന്ന് ലഭിക്കുന്നതോ ഇനമേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതോ ആയ മത്സ്യങ്ങളെ പിടിക്കാനോ വില്‍ക്കാനോ കഴിക്കാനോ പാടില്ല എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രളയജലത്തില്‍ കഴിഞ്ഞ മത്സ്യങ്ങള്‍ മാലിന്യങ്ങളുമായും ജീര്‍ണിച്ച മൃഗാവശിഷ്ടങ്ങളുമായും സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ട്.
ഇതുവഴി ബാക്ടീരിയ, വൈറസ്, ഫംഗസ്, മറ്റ് രോഗകാരികളായ ജീവികള്‍ എന്നിവ മത്സ്യങ്ങളില്‍ എത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം മത്സ്യങ്ങള്‍ കഴിച്ചതിനുശേഷം ഛര്‍ദി, വയറിളക്കം, കഠിനമായ വയറുവേദന, തലചുറ്റല്‍, ശ്വാസതടസ്സം എന്നിവ നേരിട്ടാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്തതോ വിചിത്ര രൂപത്തിലുള്ളതോ ആയ മീനുകളെ കണ്ടാല്‍ ഉടന്‍ പ്രാദേശിക ഫിഷറീസ് ഓഫീസറെയോ ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.































