തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ (ICL Fincorp Ltd.) നടന്ന കോടികളുടെ തട്ടിപ്പില്‍ അടിമുടി ദുരൂഹത. 30 കോടിയോളം രൂപ ഇരിഞ്ഞാലക്കുട കേന്ദ്ര ഓഫീസിലെ ജീവനക്കാരായ ശ്രുതി, നിഷ ബാബു, ലിസി, സ്മിഷ എന്നീ യുവതികള്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്ന് കമ്പനി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 2018 മുതല്‍ 2026 ഫെബ്രുവരി മാസം വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് ICL Fincorp Ltd ന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയ സാം സെബാസ്റ്റ്യന്‍ (സാം മാളിയേക്കല്‍) പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ 30 കോടിയോളം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്ന് അറിഞ്ഞിട്ടും ഇരിഞ്ഞാലക്കുട പോലീസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് 2026 ജൂണ്‍ 18 ന് മാത്രമാണ്. തട്ടിപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് പോലീസില്‍ പരാതിപ്പെടുവാന്‍ പോലും ICL കമ്പനി തയ്യാറായതെന്നാണ് നിക്ഷേപകരുടെ ആരോപണം. ഏറെ ദുരൂഹതയുണ്ടാക്കുന്ന നടപടിയാണ് ഇത്.
പോലീസിന് മൊഴി നല്‍കിയ സാം സെബാസ്റ്റ്യന്‍ (സാം മാളിയേക്കല്‍) പ്രതികളുടെ ഫോണ്‍ നമ്പരുകള്‍ പോലും എഫ്.ഐ.ആറില്‍ വരാതെ മൂടിവെച്ചു. പ്രതികളുടെ സ്വകാര്യ നമ്പരുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനു പകരം 000 യില്‍ അവസാനിക്കുന്ന കമ്പനി നമ്പരുകള്‍ നല്‍കിയത് അന്വേഷണം പ്രതികളിലേക്ക് എത്തിപ്പെടാതിരിക്കുവാനാണെന്ന് സംശയിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസം കഴിഞ്ഞിട്ടും ICL Fincorp ന്റെ മൂക്കിനു താഴെയുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും ICL Fincorp കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇരിഞ്ഞാലക്കുട പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനും പോലീസ് മടിക്കുകയാണ്. പണം നഷ്ടപ്പെട്ടതിനെതിരെ പരാതിപ്പെട്ട സാം സെബാസ്റ്റ്യന്‍ (സാം മാളിയേക്കല്‍) കേസിന്റെ ഒരു കാര്യങ്ങളും സംസാരിക്കുവാന്‍ തയ്യാറാകുന്നുമില്ല.
പ്രതിപ്പട്ടികയിലുള്ള നാലുപേരും ഇരിഞ്ഞാലക്കുടക്ക് സമീപം താമസിക്കുന്നവരാണ്. എല്ലാ ദിവസവും പുറത്തിറങ്ങി യാത്രചെയ്യുന്ന ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ദിവസേന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് ലൈവും റീലുമിട്ട് വളരെ സജീവമാണ്. എന്നിട്ടും എന്തുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ല എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുകയാണ്. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിട്ടും പ്രതികളെ പിടികൂടുവാന്‍ ICL കമ്പനിക്കും പോലീസിനും യാതൊരു താല്‍പ്പര്യവും ഇല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ ICL Fincorp മാനേജ്മെന്റ് മടിച്ചുനില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് കമ്പനിയുടെ ചെയര്‍മാന്‍ അഡ്വ.കെ.ജി. അനില്‍ കുമാര്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയും ഡിപ്ലോമാറ്റ് പദവിയുള്ള ആളുമാണ്. നിലവില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ക്യൂബയുടെ ട്രേഡ് കമ്മീഷണര്‍ ആണ് കെ.ജി.അനില്‍ കുമാര്‍.
നീണ്ട ഒന്‍പതു വര്‍ഷക്കാലം കമ്പനിയുടെ ഹെഡ് ഓഫീസില്‍ ജോലി ചെയ്തിരുന്നവര്‍ സംഘം ചേര്‍ന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടും കമ്പനിയുടെ ഓഡിറ്റിംഗ് വിഭാഗം ഇത് കണ്ടുപിടിച്ചില്ല എന്നത് കമ്പനിയുടെ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ് വെളിവാക്കുന്നത്. കമ്പനിയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മാനേജ്മെന്റിനു വ്യക്തമായ ധാരണയോ അറിവോ ഇല്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ സാമ്പത്തിക വര്‍ഷവും അവസാനിക്കുമ്പോള്‍ വാര്‍ഷിക ജനറല്‍ ബോഡി കൂടി ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുകയും ജനറല്‍ ബോഡിയുടെ തീരുമാനങ്ങളോടൊപ്പം ഇവ കമ്പനി രജിസ്ട്രാര്‍ക്ക് (ROC) സമര്‍പ്പിക്കുകയും വേണം. തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ ഈ ഒന്‍പതു വര്‍ഷക്കാലത്തെ ഓഡിറ്റിംഗ് തികച്ചും വിശ്വാസയോഗ്യമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇവിടെ. കമ്പനിയുടെ വിശ്വാസ്യതക്ക് തന്നെ ഇത് മങ്ങലേല്‍പ്പിക്കുകയാണ്. തന്നെയുമല്ല 30 കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് കമ്പനിയുടെ വാദം. അതായത് കൃത്യമായ ഒരു കണക്ക് ഇല്ലെന്നു വ്യക്തമാണ്. തട്ടിപ്പ് നടന്നത് അറിഞ്ഞിട്ടും പോലീസില്‍ പരാതി കൊടുക്കുവാന്‍പോലും കമ്പനി കാലതാമസം വരുത്തി എന്നതും ദുരൂഹതയുയര്‍ത്തുന്നു. എന്തായാലും ഡിബഞ്ചറില്‍ പണം നിക്ഷേപിച്ചവര്‍ കടുത്ത ആശങ്കയിലാണ്. >>> തുടരും…>>> മൊഴിയില്‍ പറഞ്ഞത് …


































