റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന സംശയം ശക്തമാകുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. സ്വർണപ്പാളികൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ നിലവിലുള്ള ചെമ്പുപാളികൾക്കും വർഷങ്ങളുടെ പഴക്കമില്ലെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. ചെമ്പിന്റെ ലോഹവിലയ്ക്ക് അപ്പുറം ശബരിമല സന്നിധാനത്തിലെ ചരിത്രപരവും ആചാരപരവും പൈതൃകപരവുമായ പ്രാധാന്യമാണ് ഈ വസ്തുക്കൾക്കുള്ളത്. അതിനാൽ അന്വേഷണം സ്വർണത്തിൽ മാത്രം ഒതുക്കാതെ ചെമ്പുപാളികളിലേക്കും വ്യാപിപ്പിക്കണമെന്ന് പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.
പഴയ ചെമ്പുപാളികൾ എപ്പോൾ ആരുടെ നിർദേശപ്രകാരം മാറ്റിയെന്നും നിലവിൽ അവ ആരുടെ കൈവശമാണെന്നും വ്യക്തമാക്കണം. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവ മാറ്റിയതെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അന്വേഷിക്കണം. നിലവിൽ അന്വേഷണം നേരിടുന്നവർക്ക് പുറമെ മുൻ കാലങ്ങളിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവരിലേക്കും അന്വേഷണം നീളണം. ശബരിമലയുടെ പവിത്രതയെയും സ്വത്തുക്കളെയും ബാധിക്കുന്ന വിഷയം ആയതിനാൽ ഇതൊരു സാധാരണ സാമ്പത്തിക കുറ്റകൃത്യമായി കാണരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ചെമ്പുപാളികളുടെ വിഷയവും ഉൾപ്പെടുത്തി അന്വേഷണം ശക്തമാക്കണമെന്നും പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.






























