കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പോലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടികൂടിയത്. പാനൂരിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ആസാദ് അമ്മ വെള്ളമെടുക്കാൻ പോയ സമയത്ത് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മ തിരിച്ചെത്തിയപ്പോൾ സംഭവം ശ്രദ്ധയിൽപ്പെടുകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾക്ക് പ്രതിയെ പരിചയമുണ്ടായിരുന്നതിനാൽ ലഭിച്ച ഫോട്ടോ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തിനിടെ ആസാദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ട്രെയിനിൽ യാത്ര ചെയ്തതായി കണ്ടെത്തിയതോടെ റെയിൽവേ പോലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടെയാണ് പ്രതി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഇറങ്ങിയതായി പോലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നെങ്കിലും പാനൂർ പോലീസ് രത്നഗിരിയിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ ആസാദിനെ പിടികൂടുകയായിരുന്നു.






























