കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി. റസുവ ജില്ലയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ തിമുരെ ഗ്രാമം കേന്ദ്രീകരിച്ച് ആറ് ദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് നാൽപ്പതുകാരിയായ പ്രിയ അധികാരി വിജയകരമായി പൂർത്തിയാക്കിയത്. ദുരന്ത ഭൂമിയിൽ നിന്ന് അതീവ ദുർഘടമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കുന്ന ദൗത്യമാണ് പ്രിയ വിജയകരമായി പൂർത്തിയാക്കിയത്.അടിഞ്ഞു കൂടിയ ചെളിയും വെള്ളക്കെട്ടും കാരണം പലയിടങ്ങളിലും ഹെലികോപ്റ്ററുകൾ സുരക്ഷിതമായി ലാൻഡ് ചെയ്യാനോ എഞ്ചിൻ ഓഫ് ചെയ്യാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് പ്രിയ അധികാരി പറഞ്ഞു.
അപകടകരമായ ഈ സാഹചര്യത്തിൽ, എഞ്ചിൻ പൂർണ്ണമായും പ്രവർത്തിപ്പിച്ചു കൊണ്ടുതന്നെയാണ് ദുരന്തബാധിതരെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്.
നിരന്തരമായ പറക്കൽ കാരണം കടുത്ത ശാരീരിക ക്ഷീണം നേരിട്ടെങ്കിലും ഇതിനെ അതിജീവിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പ്രിയ വ്യക്തമാക്കി.മുകളിൽ നിന്ന് കണ്ട ഭയാനകമായ കാഴ്ചകളാണ് മാനസികമായി കൂടുതൽ തളർത്തിയതെന്ന് പ്രിയ ഓർത്തെടുത്തു. തിമുരെ മേഖലയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. ആർമിയുടെ അഗസ്റ്റ ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ഇരുനൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.
അഞ്ച് ഹൈഡ്രോ പവർ പ്രോജക്ടുകളും നിരവധി മനുഷ്യ ജീവനുകളും അടക്കം എല്ലാം പ്രളയത്തിൽ ഒലിച്ചു പോയെന്ന് പ്രിയ പറഞ്ഞു. ദുരന്തത്തിന്‍റെ വേദനയ്ക്കിടയിലും അതിജീവിച്ചവരുടെ പ്രതീക്ഷ നിറഞ്ഞ മുഖങ്ങളാണ് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതെന്ന് പ്രിയ അധികാരി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ലാൻഡ് ചെയ്യുമ്പോൾ ജനങ്ങൾക്ക് തോന്നുന്ന ആശ്വാസം ഏത് പ്രതിസന്ധിയിലും പ്രതീക്ഷ നൽകുന്നതാണെന്ന് അവർ പറയുന്നു.
































