പിറവം : തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഷിഗല്ല രോഗബാധ സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്‍പതും പതിനാലും വയസുള്ള രണ്ടു കുട്ടികള്‍ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലും ഐ.സി.എച്ചിലും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും മുന്‍കരുതലായിട്ടാണ് സാമ്പിള്‍ പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. മഴക്കാലമായതിനാലും ജലജന്യ രോഗമായതിനാലും അതിവേഗം പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ദ്രുതഗതിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.
ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ ഇന്നലെ സര്‍വേ നടത്തി. സംശയമുള്ളവരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. സ്ഥിതിഗതികള്‍ ഗുരുതരമല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പരിസര ശുചീകരണങ്ങളില്‍ എല്ലാവരും പൂര്‍ണമായി പങ്കാളികളാകേണ്ടതുണ്ടെന്നും പഞ്ചായത്ത് അംഗം അജി എം.സി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങലുള്ളവര്‍ ഉടനെ ചികിത്സ തേടുകയോ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ ചെയ്യണം. വയറിളക്കം, വയറുവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.