ലക്നൗ: ഉത്തർപ്രദേശിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതി പരാതി നൽകി. ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അതേസമയം, യുവതിയോട് ഇയാള്‍ പറഞ്ഞ പേര് അങ്കിത് എന്നായിരുന്നു. ഈ പേരിലാണ് യുവതിയുമായി അടുപ്പത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചു.
അതിനുശേഷം സ്വകാര്യദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചു. കൂടാതെ ഇയാളുടെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും മാംസഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടെന്നാണ് യുവതി പരാതിയിൽ വിശദീകരിക്കുന്നത്. യുവാവിന്റെ കുടുംബാംഗങ്ങൾ മർദിച്ചതായും യുവതി പരാതിപ്പെട്ടു. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.