പ്രീമിയം വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായ ഇക്യുഇ 500 4മാറ്റിക് (Mercedes-Benz EQE) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.39 കോടി രൂപ എക്‌സ് ഷോറൂം വില വരുന്ന വാഹനം മികച്ച റേഞ്ചും ലക്ഷ്വറി ഫീച്ചറുകളുമായിട്ടാണ് വരുന്നത്. കമ്പനിയുടെ ഇക്യുബി, ഇക്യുഎസ് എന്നിവയ്ക്ക് ശേഷം മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ച മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക്. മെഴ്സിഡസ് ബെൻസ് ആദ്യമായി ഇക്യുഇ ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററിക്ക് 10 വർഷത്തെ വാറന്റിയും നൽകുന്നുണ്ട്. ഈ വാഹനം ഇന്ത്യയിൽ ഒരു സിബിയു അഥവാ കംപ്ലീറ്റ്സി ബിൾഡ് യൂണിറ്റായിട്ടാണ് വിൽപ്പനക്കെത്തിക്കുന്നത്. ഫ്രാഞ്ചൈസി നെറ്റ്‌വർക്കിന് പുറത്തുള്ള 150ൽ അധികം ഡിസി ചാർജറുകളിലേക്ക് ആക്‌സസ് നൽകുന്നതിനായി ഈ വാഹനം പുതിയ ആപ്പിലൂടെ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് മികച്ച ഡിസൈനുമായിട്ടാണ് വരുന്നത്.
ക്ലീൻ ലൈനുകൾ, സീൽ ചെയ്ത ഗ്രിൽ, എയ്‌റോ ഒപ്റ്റിമൈസ് ചെയ്ത വീലുകൾ എന്നിങ്ങനെയുള്ള ഇവികളിൽ കാണാറുള്ള ഫീച്ചറുകളെല്ലാം മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് ഇവിയിൽ ഉണ്ട്. ഈ ഇലക്ട്രിക് എസ്‌യുവിക്ക് ചെരിഞ്ഞ റീഫും ആംഗിൾഡ് ടെയിൽഗേറ്റുമാണുള്ളത്. മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് ഇലക്ട്രിക് എസ്‌യുവിയിൽ ഫ്രണ്ട് ഗ്രില്ലിനും അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പിനും താഴെയായി ഒരു സിഗ്നേച്ചർ എൽഇഡി ലൈറ്റ് ബാർ നൽകിയിട്ടുണ്ട്. വാഹനത്തിൽ ലൈറ്റുള്ള റണ്ണിംഗ് ബോർഡുകളും ഫ്ലഷ് ഡോർ ഹാൻഡിലുകളും ഗ്ലോസി-ബ്ലാക്ക് 20 ഇഞ്ച് അലോയ് വീലുകളുമുണ്ട്. മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് ഇലക്ട്രിക് വാഹനം മൂന്ന് വ്യത്യസ്ത ഡിസ്‌പ്ലേകളുമായി വരുന്നു. 56 ഇഞ്ച് ‘ഹൈപ്പർസ്‌ക്രീൻ’ ലേഔട്ടാണ് ഈ വാഹനത്തിലുള്ളത്. ഈ ഡിസ്‌പ്ലേകൾ കമ്പനിയുടെ ഏറ്റവും പുതിയ MBUX ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വരുന്നു. ഇതൊരു വോയിസ് കമാൻഡ് ‘ഹേ മെഴ്‌സിഡസ്’ പ്രോംപ്റ്റ് വഴിയും സിം കാർഡ് വഴിയുള്ള ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴിയും പ്രവർത്തിക്കുന്നു.
മൊത്തത്തിൽ ഏറ്റവും നൂതനമായ ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. 8 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മസാജ് സംവിധാനമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് ഇലക്ട്രിക് എസ്‌യുവിയിലുള്ളത്. ആക്ടീവ് ആംബിയന്റ് ലൈറ്റിങ്, വയർലെസ് ആപ്പിൾ കാർപ്ലേ/ ആൻഡ്രോയിഡ് ഓട്ടോ, എച്ച്ഇപിഎ എയർ ഫിൽട്ടർ, മെഴ്സിഡസ് മി കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് വാഹനത്തിലുള്ള മറ്റ് പ്രധാന ഇന്റീരിയർ സവിശേഷതകൾ. വാഹനത്തിലെ എയർ സസ്പെഷൻ ഉപയോഗിച്ച് 25 എംഎം ഉയരം വർധിപ്പിക്കാം.
മെഴ്സിഡസ് ബെൻസ് ഇക്യുഇ 4മാറ്റിക് എസ്‌യുവിയിൽ ഡ്യുവൽ മോട്ടോറും ഓൾ-വീൽ ഡ്രൈവ് സെറ്റപ്പും ഉണ്ട്. ഓഫ്-റോഡ് പാക്കേജും ഈ വാഹനത്തിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് നൽകുന്നത് 90.56 kWh ബാറ്ററിയാണ്. വാഹനം 550 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. 408 എച്ച്പി പവറും 858 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനമാണ് ഇത്. ഈ ഇലക്ട്രിക് എസ്‌യുവി 4.9 സെക്കൻഡിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കും. വാഹനത്തിന്റെ ഉയർന്ന വേഗത 210 കിലോമീറ്ററാണ്. ബാറ്ററി 170kW വരെ ഡിസി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.