വിനോദരംഗത്തെ പ്രമുഖ കമ്പനിയായ സീ എന്റര്‍ടെയിന്‍മെന്റിന് വീണ്ടും തിരിച്ചടി. സീ എന്റര്‍ടെയിന്‍മെന്റിന്റെ അക്കൗണ്ടില്‍ ക്രമക്കേട് നടന്നതായി സെബി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2000 കോടി രൂപയാണ് കണക്കില്‍ കാണാത്തത്. ഇത് വകമാറ്റിയതാകാമെന്നാണ് സെബിയുടെ പ്രാഥമിക നിഗമനം. സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയുമായുള്ള ലയനം സാധ്യമാക്കുന്നതിന് അവസാന വട്ട ശ്രമം നടത്തി സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. ജനുവരി 22 ന് റദ്ദാക്കിയ 1000 കോടി ഡോളറിന്റെ ലയന പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് സീ ശ്രമിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ച്ചയായി നഷ്ടം നേരിട്ട സീ ഓഹരിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു ശതമാനത്തിന്റെ മുന്നേറ്റം ഉണ്ടായി. ലയനപദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞ രണ്ടാഴ്ചയായി ഇരു കമ്പനികളുടെയും പ്രതിനിധികള്‍ മുംബൈയില്‍ ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എങ്കിലും ലയനപദ്ധതിയെ തടസ്സപ്പെടുത്തുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അടുത്ത 48 മണിക്കൂറിനകം ലയനപദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് സീ പച്ചക്കൊടി കാണിക്കുമെന്നാണ് വിവരം. എന്റര്‍ടെയിന്‍മെന്റ് ലോകം പ്രതീക്ഷിച്ചിരുന്ന സീയും സോണി ഗ്രൂപ്പും തമ്മിലുള്ള മെഗാ ലയന പദ്ധതി വേണ്ടെന്ന് വച്ചതായി ജനുവരി 22 ന് സോണി ഗ്രൂപ്പാണ് ഔദ്യോഗികമായി അറിയിച്ചത്. ലയനത്തെ തുടര്‍ന്ന് രൂപംകൊള്ളുന്ന സ്ഥാപനത്തെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇരുകമ്പനികളും തമ്മില്‍ യോജിപ്പില്‍ എത്താതിരുന്നതാണ് ഇടപാട് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.