തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനഃരാംരംഭിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. അതേസമയം കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ തുറക്കൂ. ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെഎസ്‌ഇബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ജനങ്ങള്‍ ജീവനുവേണ്ടി മല്ലിടുമ്പോള്‍ പണം പിരിക്കാന്‍ ഇറങ്ങുന്ന കെഎസ്‌ഇബി വട്ടിപ്പലിശക്കാരന്റെ മര്യാദ പോലും കാണിക്കുന്നില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ലോക്ക് ഡൌണ്‍ മേയ് 3 വരെയാണെന്നിരിക്കെ ഏപ്രില്‍ 21 മുതല്‍ റീഡിംഗ് എടുക്കുമെന്നും മേയ് 3 ന് മുമ്പ് പണം അടക്കണമെന്നും കെഎസ്‌ഇബി പറയുന്നതിന്റെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. ലോക്ക് ഡൌണ്‍ അവസാനിച്ചത്തിനുശേഷം റീഡിംഗ് എടുത്ത് ബില്ലുകള്‍ നല്‍കുകയും ആ ബില്‍ തുക അടക്കുവാന്‍ സാവകാശം നല്‍കുകയും വേണം. ഒരുസൈഡില്‍ക്കൂടി സര്‍ക്കാര്‍ തേനും പാലും ഒഴുക്കുന്നതായി പ്രചരിപ്പിക്കുകയും മറുവശത്തുകൂടി ജനങ്ങളെ ഞെക്കിപ്പിഴിയുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് . ലോക്ക് ഡൗണില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് എന്ത് പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കണം. പാക്കേജ് പ്രഖ്യാപിക്കണം എന്നുപറഞ്ഞ് ദിവസവും കേന്ദ്രസര്‍ക്കാരിനെതിരെ പ്രസ്താവന ഇറക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിന് സംസ്ഥാന സര്‍ക്കാരിന്റെ പാക്കേജ് എന്തെങ്കിലും പ്രഖ്യാപിക്കുവാനുണ്ടോ എന്നും ബാബു ജോര്‍ജ്ജ് ചോദിച്ചു.
അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് റീഡിംഗ് എടുക്കാതെ വന്‍തുക ബില്ലുകള്‍ നല്‍കി കെഎസ്‌ഇബി തീവെട്ടിക്കൊള്ളയാണ് ലോക്ക് ഡൌണ്‍ കാലത്ത് നടത്തിയിരിക്കുന്നതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.ജെ ഷാജഹാന്‍ പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ്. ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ വ്യാപാരികള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ബില്ലിന്റെ പേരില്‍ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്. തെറ്റായ നടപടി പിന്‍വലിക്കണമെന്ന് എ.ജെ ഷാജഹാന്‍ ആവശ്യപ്പെട്ടു.