പത്തനംതിട്ട: ശബരിമലയിൽ ഈ വർഷത്തെ മിഥുനമാസ പൂജകൾക്ക് തുടക്കമായി. ഇന്നലെ പുലർച്ചെ മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4.30-ന് ദേവനെ പള്ളിയുണർത്തിയതോടെ മിഥുനമാസ പൂജകൾ ആരംഭിക്കുകയായിരുന്നു. 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടർന്ന് പതിവ് നിർമ്മാല്യ ദർശനവും, വിവിധ അഭിഷേകങ്ങളും നടന്നു. തന്ത്രിയുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി.
അയ്യപ്പ വിഗ്രഹത്തിൽ നെയ്യഭിഷേകവും, നിശ്ചിത എണ്ണം അഷ്ടാഭിഷേകവും
നടത്തി. ഉഷ പൂജക്ക് ശേഷം രാവിലെ 8 മണി മുതലാണ് കുട്ടികൾക്കുള്ള ചോറൂൺ നൽകൽ ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തിലെ ബലിക്കൽ പുരയിലാണ് ചോറൂണ് നടന്നത്. വൈകിട്ട് 5 മണിക്കാണ് നട തുറന്നത്. 6.30ന് ദീപാരാധന നടത്തുകയും, തുടർന്ന് പടിപൂജയും പുഷ്പഭിഷേകവും ആരംഭിച്ചു. അത്താഴപൂജക്ക് ശേഷം രാത്രി 10 മണിക്കാണ് നട അടച്ചത്. മിഥുനമാസ പൂജകൾക്കായി ജൂൺ 15ന് തുറന്ന തിരുനട ജൂൺ 20നാണ് അടയ്ക്കുക. ഈ വേളയിൽ ഒട്ടനവധി ഭക്തജനങ്ങളാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്.