പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ കടലാസ്സില്‍ മാത്രം. നഗരത്തിന്റെ നടുക്ക് അന്യസംസ്ഥാന തൊഴിലാളി കളുടെ താമസം വൃത്തിഹീനമായ ഇടങ്ങളില്‍. അറപ്പുളവാക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം. ശൗചാലയ സൗകര്യങ്ങള്‍പോലും മിക്കയിടത്തും ഇല്ല. പത്തനംതിട്ട ടൗണ്‍ പ്രദേശങ്ങളായ വലഞ്ചുഴി, കണ്ണങ്കര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പശ്ചിമബംഗാള്‍, ഒഡിഷ, ബിഹാര്‍, തമിഴ്നാട് തുടങ്ങിയ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധിപേരാണ് താമസിക്കുന്നത്. ചെറിയ ഷെഡുകളിലാണ് മിക്കവരുടെയും താമസം. ഇതിന് വാടക ഇനത്തില്‍ വന്‍ തുകയാണ് സ്ഥലം ഉടമകള്‍ വാങ്ങുന്നത്. ഒരുസുരക്ഷയും ഈ കെട്ടിടങ്ങള്‍ക്കില്ല. ഏഴും എട്ടും പേര് വരെ ചെറിയ കുടുസ്സുമുറികളില്‍ താമസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണങ്കരയില്‍ പാചകവാതക സിലിണ്ടറിലെ പൈപ്പിലേക്ക് തീ പടര്‍ന്ന് ആഗ്ര സ്വദേശികളായ എട്ടുേപര്ക്ക് പൊള്ളലേറ്റിരുന്നു. ബോംബേ സ്വീറ്റ്സും മിഠായികളും ഉണ്ടാക്കുന്നതിനിടെ സിലിണ്ടറിലെ പൈപ്പിലേക്ക് തീപിടിച്ചാണ് അപകടം നടന്നത്. പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വ്യാജ ഗ്യാസ് സിലിണ്ടറുകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പറയുന്നു. ഇതേപോലെ പൊരികള്‍, മിഠായികള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയുണ്ടാക്കുന്ന നിരവധി സംഘങ്ങള്‍ ഇവരുടെയിടയിലുണ്ട്. വൃത്തിയും സുരക്ഷയും ഇല്ലാതെയാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. ഇവ പത്തനംതിട്ട ടൗണ്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് കടകളിലും വില്പനക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പരാതികള്‍ ലഭിച്ചാല്‍പോലും ആരോഗ്യ വകുപ്പ് പരിശോധിക്കാറില്ല.
കേരളത്തില്‍ സ്ഥിരസാന്നിധ്യമല്ലാതിരുന്ന മലേറിയപോലുള്ള പല പകര്‍ച്ചവ്യാധികള്‍ അടുത്ത കാലത്ത് ഇവരുടെയിടയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മന്തുരഹിത ജില്ലയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കഴിഞ്ഞവര്‍ഷം മന്ത് സ്ഥിരീകരിച്ച ഒമ്പത് രോഗബാധിതരില്‍ എല്ലാവരും അന്തര്‍ സംസ്ഥാന തൊഴിലാളികളായിരുന്നു. ജില്ലയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എച്ച്.ഐ.വി ബാധിതരെയും കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത മുറികളില്‍ തിങ്ങിഞെരുങ്ങി കഴിയേണ്ടി വരുന്നവരില്‍ ആര്‍ക്കെങ്കിലും പകര്‍ച്ചവ്യാധികളുണ്ടായാല്‍ അവരില്‍നിന്ന് സഹപ്രവര്‍ത്തകര്‍ക്കും തദ്ദേശ വാസികളിലേക്കും പകരാനിടയുള്ള സാഹചര്യമാണ്. നേരത്തേ നടന്ന പരിശോധനകളില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ വാസയോഗ്യമല്ലെന്നും ഗുരുതര പൊതുജനാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയതാണ്.