കൊല്‍ക്കത്ത : ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസില്‍ നിന്ന് ചാടിയ 12 വയസുകാരന്‍ മരിച്ചു. ഫൂല്‍ബഗന്‍ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് കുട്ടി ചാടിയതെന്ന് പോലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തില്‍ മരിച്ചത്. കുട്ടിയെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ടെറസില്‍ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
കുടൂതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതു വരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ആനിമേഷന്‍ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ഇതുവരെ പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.