മലപ്പുറം : ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ മുസ്ലിം ലീഗ്. ഇത് ഒരു സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടത്തെ പ്രശ്നം. കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ് പ്രശ്നം. ബന്ധപ്പെട്ട സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നതാണ് ഇതിന് പിന്നിലെ കാരണമായി പറയുന്നത്.
ഇതിനേക്കാള്‍ അപമാനിക്കല്‍ വേറെ എന്തുണ്ട്. ആ സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നത് അപമാനിക്കലാണ്. മതേതര പാരമ്പര്യത്തിന് തന്നെ അത് മോശമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നാണ് പിണറായി വിജയന്‍ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുസ്ലിം സമുദായത്തിന് എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. ഏതെങ്കിലും ക്രിസ്ത്യന്‍ സഭകള്‍ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുതീരുമാനത്തിന്റെ ഭാഗമായാണ് വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.