അടിമാലി: അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവ ഗംഗ (19) എന്നിവരുടെ മൃതദേഹമാണ് പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തിയത്.
മരക്കൊമ്പില്‍ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടിമാലിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു വിവേക്. ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ശിവ ഗംഗ.
അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരെയും കാണാതാവുന്നത്. ഇവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്ക് പാല്‍ക്കുളം മേട്ടിന് സമീപത്തുവെച്ച് ഏപ്രില്‍ 14ന് പോലീസ് കണ്ടെത്തിയിരുന്നു. ഇടുക്കി ഡെപ്യൂട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ഇരുവരെയും കണ്ടെത്തിയ പ്രദേശം വനമേഖലയാണ്, ഇവിടേയ്ക്ക് സാധാരണയായി ആളുകള്‍ വരാറില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.