പത്തനംതിട്ട : ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ട് വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും വൈദ്യുതി മന്ത്രി എം.എം മണി പങ്കെടുക്കുന്ന ജില്ലയിലെ ഉത്പാദന, പ്രസരണ, വിതരണ മേഖലകളിലെ ഓഫീസുകളുമായി ബന്ധപ്പെട്ട വൈദ്യുതി അദാലത്ത് ജനുവരി 29 ന് രണ്ടിന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തും.
പരാതികള്‍ വിശദമായി എഴുതി തയാറാക്കി പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ , സെക്ഷന്റെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, പോസ്റ്റ് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജനുവരി 18 ന് അഞ്ച് മണിക്കകം അടുത്തുളള വൈദ്യുതി കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഓരോ പരാതിയിന്മേലുമുളള പരിഹാരം അല്ലെങ്കില്‍ തീരുമാനം 29 ന് നടക്കുന്ന വൈദ്യുതി അദാലത്തില്‍ പ്രഖ്യാപിക്കും. പൊതുജനങ്ങളും ഉപയോക്താക്കളും ഈ അവസരം പരമാവധി വിനിയോഗിക്കണം. അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9446009409 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. പരാതികള്‍ സമര്‍പ്പിക്കുന്നതിന് യാതൊരുവിധ തുകയും ഈടാക്കുന്നതല്ല.
പ്രോപ്പര്‍ട്ടി ക്രോസിംഗ് പരാതികള്‍, മരം മുറിക്കുന്നതിനുളള നഷ്ടപരിഹാരം , സര്‍വീസ് കണക്ഷന്‍ , ലൈന്‍/ പോസ്റ്റ് എന്നിവ മാറ്റുന്നത് , ഡിസ്മാന്റിലിങ് കേസുകള്‍ , ബില്‍/ താരിഫ് / കേടായ മീറ്റര്‍ സംബന്ധമായ പരാതികള്‍, കുടിശിക നിവാരണം, ആര്‍.ആര്‍ നടപടികള്‍ , ലിറ്റിഗേഷന്‍ കേസുകള്‍ , വോള്‍ട്ടേജ് ലഭ്യത കുറവ്, വൈദ്യുതിയുടെ തെറ്റായ ഉപയോഗം (വൈദ്യുതി മോഷണം ഒഴികെ) കേബിള്‍ ടി.വി ലൈന്‍ സംബന്ധമായ പരാതികള്‍, ഉത്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കും.