ആലപ്പുഴ : ലൈഫ് മിഷന്‍ ഗുണഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനൊപ്പം തന്നെ പ്രകൃതിയോടിണങ്ങിയ ജീവിതസംസ്കാരവും നല്‍കുകയാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമത്തിലൂടെ. ലൈഫ് കുടുംബസംഗമത്തിന്റെ ഭാഗമായി ഗുണഭോക്തൃ കുടുംബങ്ങൾക്കെല്ലാം തുണിസഞ്ചികൾ വിതരണം ചെയ്തു. കെ. ബി ഗണേഷ് കുമാർ എം. എൽ.എ തുണിസഞ്ചികളുടെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ഹരിതചട്ടം പാലിച്ചുകൊണ്ട് പൂർണമായും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കികൊണ്ടാണ് കുടുംബ സംഗമം നടന്നത്.
കൃഷി കുടുംബങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്റെ ഭാഗമായി സംഗമത്തിൽ പച്ചക്കറി തൈകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. സജി ചെറിയാൻ എം. എൽ. എ പച്ചക്കറിത്തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അകറ്റിയും ആവശ്യമായ പച്ചക്കറികൾ വീടുകളിൽ കൃഷി ചെയ്തുകൊണ്ടും മികച്ചൊരു ആരോഗ്യജീവിത സംസ്‍കാരം ആളുകളിൽ എത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. പുതുവർഷം പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് മാതൃക സൃഷ്ടിക്കുകയാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്.