കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി. ആദ്യം പൊളിക്കുന്ന എച്ച്‌ടുഒ ഫ്‌ളാറ്റിലെ മോക്ഡ്രില്‍ നടപടിക്രമങ്ങളാണ് പൂര്‍ത്തിയായത്. മോക്ഡ്രില്‍ വിജയകരമായിരുന്നെന്ന് ഐ.ജി. വിജയ് സാഖറെ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളില്‍ ചെറിയ ചെറിയ പോരായ്മകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോരായ്മകള്‍ പരിഹരിക്കുമെന്നും സൈറണ്‍ കുറച്ചുകൂടി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു, പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യ വിലയിരുത്തലിന് ശേഷമാണ് മോക്ഡ്രില്‍ നടന്നത്.
എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ മരട് നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി നാലുതവണ സൈറണ്‍ മുഴങ്ങി. സൈറണ്‍ മുഴങ്ങുന്നതിന് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍. നഗരസഭയ്ക്ക് അകത്താണ് സൈറണ്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ മൂന്നാമത്തെ സൈറണ് ശേഷമാണ് സ്‌ഫോടനം സംഭവിക്കുക. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ഗതാഗത നിയന്ത്രണമുള്‍പ്പടെ ആരംഭിക്കും. മോക്ഡ്രില്ലിന്റെ ഭാഗമായി കുണ്ടന്നൂര്‍ തേവര പാതയിലെ ചെറുറോഡുകളില്‍ ഗതാഗതം തടഞ്ഞു. കുണ്ടന്നൂര്‍തേവര പാലം വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചു. സ്‌ഫോടനം വിജയകരമായി പൂര്‍ത്തിയാക്കി എന്നറിയിക്കുന്നതിന് വേണ്ടിയാണ് നാലാമത്തെ സൈറണ്‍. നാലാമത്തെ സൈറണിന് ശേഷം ഗതാഗതം പുനഃസ്ഥാപിക്കും.