ശ്രീനഗര്‍ : കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും വെള്ളിയാഴ്ച രാത്രി പിന്‍വലിച്ചു. മരണവാര്‍ത്തയറിഞ്ഞതു മുതല്‍ കശ്മീരില്‍ വിശ്ച്ചേദിച്ച ഫിക്സഡ് ലൈന്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും പുനഃസ്ഥാപിച്ചു. ബി.എസ്.എന്‍.എല്ലിന്റെ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നേരത്തെയും പ്രവര്‍ത്തിച്ചിരുന്നു. താഴ്വര സമാധാന നില കൈവരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ഞായറാഴ്ച പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച അന്തരിച്ച ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പോലീസ് സംസ്കരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരം പോലും നല്‍കാതെ തിടുക്കത്തിലായിരുന്നു പോലീസ് നീക്കം. എന്നാല്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നായിരുന്നു പോലീസ് ഐ.ജി വിജയ് കുമാറിന്റെ വിശദീകരണം. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ജനങ്ങള്‍ സംഘടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരത്തിനും സംഘംചേരുന്നതിനും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.