കല്‍പറ്റ : വാഹന വില്‍പന ഇടപാടുകാരനെ മര്‍ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ് (20), ഏഴാം പ്രതി കല്‍പറ്റ എമിലി ചേരുംതടത്തില്‍ സി.കെ. ആഷിക് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച് ഗൂഗിള്‍ പേ വഴി 70000 രൂപയും വാച്ചും മൊബൈലും കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കേസില്‍ നാലുപേരെ നേരത്തെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ആഗസ്റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ വില്‍ക്കാനുള്ള കാര്‍ കാണിച്ചുതരാമെന്നുപറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.