കൊച്ചി : മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളി കാമറകൾ മോൻസൺ മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചതായി കണ്ടെത്തിയിരുന്നു. മോൻസണിന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയിരുന്നു. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചിരുന്നു. മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.