ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ രാജി സമര്‍പ്പിച്ച വിമത എം.എല്‍.എമാരെ നേരില്‍ കാണുമെന്നും അതിനുശേഷം ചട്ടപ്രകാരം മാത്രമേ രാജി സ്വീകരിക്കൂവെന്നും മധ്യപ്രദേശ് നിയമസഭാ സ്‌പീക്കര്‍ എന്‍.പി.പ്രജാപതി. നിയമപ്രകാരം രാജിവെയ്‌ക്കുന്ന എം.എല്‍.എമാര്‍ സ്‌പീക്കര്‍ക്ക് നേരിട്ടാണ് രാജിക്കത്തു നല്‍കേണ്ടത്. അതിനാല്‍ എം.എല്‍.എമാരെ കണ്ടതിനുശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും പ്രജാപതി വ്യക്‌തമാക്കി.
ചൊവ്വാഴ്ചയാണു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. സിന്ധ്യക്കു പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാരും രാജി വെച്ചു. ഇവരില്‍ ആറുമന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവര്‍ രാജിക്കത്തുകള്‍ ഇ-മെയില്‍ ചെയ്യുകയായിരുന്നു. അതേസമയം വിമതരായ ആറുമന്ത്രിമാരെ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഇതുസംബന്ധിച്ച് ഗവര്‍ണര്‍ നടപടി സ്വീകരിച്ചിട്ടില്ല.