റാന്നി : ശബരിമല തീർഥാടനപാതയിലുൾപ്പെട്ട മുക്കട – ഇടമണ്‍ -അത്തിക്കയം എംഎൽഎ റോഡ് നിർമാണത്തിൽ നിലവാരം കുറവെന്ന് പരാതി. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പാത നിർമ്മിക്കുന്നത്. ആദ്യഘട്ടമായ മുക്കട മുതൽ വാകത്താനം വരെയും ഇടമണ്‍ മുതൽ ഇടമുറി വെള്ളിയറപ്പടി വരെയുമുള്ള ഒന്‍പത് കിലോമീറ്റർ ദൂരമാണ് ഉന്നത നിലവാരത്തിലാക്കുന്നത്. ഇതിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. ശബരിമല തീർഥാടകര്‍ക്ക് ഏറെ പ്രയോജനകരമായ ഈ പാത ഉന്നത നിലവാരത്തിലാക്കുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ കണ്ടത്. താഴ്ന്ന ഭാഗങ്ങളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഉയർത്തുന്നതിന്റെ ഭാഗമായി പഴയ ടാറിംഗ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇളക്കിയിടുന്ന പണികളാണ് ആദ്യം തുടങ്ങിയത്.
ഇതോടെ പരാതികളും വ്യാപകമായി. 5.5 മീറ്റർ വീതിയിൽ ടാറിംഗും ഇരുവശങ്ങളിലും കോണ്‍ക്രീറ്റും ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും പാതയുടെ ചിലയിടങ്ങളിൽ മാത്രമാണ് റോഡ് ഉയർത്തിയത്. ഇതിൽ തന്നെ ആവശ്യമായ ഉയരം ഇല്ലെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയിരുന്നു. പാതയുടെ മിക്കയിടങ്ങളും പഴയ ടാറിംഗ് തന്നെ നിലനിർത്തി റോഡ് ഉന്നതനിലവാരത്തിലാക്കുവാനാണ് ശ്രമിക്കുന്നത്. പഴയ ടാറിംഗിന്റെ വശം ഒരു മീറ്റർ ആഴത്തിൽ ഇളക്കി മെറ്റൽ ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്. ഇത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണെന്നും വശം ബലപ്പെടുത്തുന്നതോടെ ബാക്കിയിടങ്ങൾ ഉയർത്താതെ രക്ഷപ്പെടാനാണെന്നും പറയുന്നു. ഇടമണ്ണിലെ ഇടുങ്ങിയ പാലത്തിന്റെ വീതി കൂട്ടാതെയും ബലക്ഷയം നേരിടുന്ന രണ്ടു കലുങ്കുകൾ ബലപ്പെടുത്താതെയുമാണ് പണികൾ നടത്തുന്നത്. നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പരാതികളുയർന്നപ്പോഴും പരിഹാരം കാണാതെ നിർമാണ പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുകയാണ്.