ചെങ്ങന്നൂര്‍ : അംഗൻവാടി മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ വരെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി മുളക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ മാറ്റുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്കൂളിൽ നടന്ന പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനത്തിന് എട്ടു കോടി രൂപയാണ് മുളക്കുഴ ഗവ.സ്കൂളിൽ ചെലവഴിക്കുന്നത്. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത സ്കൂളിലേക്ക് സർക്കാർ അഞ്ച് കോടി രൂപയും എം.എൽ.എ മൂന്നു കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കും മറ്റും പൊതുജനങ്ങളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും ആത്മാര്‍ഥമായ പിൻതുണ ഉണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു. പി.റ്റി.എ പ്രസിഡന്റ് എം.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ” ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം” എന്ന ഈശ്വര പ്രാർത്ഥനയോടാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിഫിക്ക് ആഫീസറുമായിരുന്ന ജനാർദനൻ ആചാരി സ്കൂളിൽ ചൊല്ലിയിരുന്ന പ്രതിജ്ഞയും പറഞ്ഞു കൊടുത്തു. മൺമറഞ്ഞു പോയ പൂർവ്വ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗം സ്മരണാജ്ഞലി നേര്‍ന്നു. പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ വേണു, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സാമുവേൽ ഐപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .എ. രവീന്ദ്രൻ, വാർഡ് മെമ്പർ സി.എസ്.മനോജ്, പൂർവ്വാദ്ധ്യാപകൻ പി.വി.മുരളീധരൻ, എ.ഇ.ഒ ബിന്ദു, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ഉഷാകുമാരി, ഹെഡ്മാസ്റ്റർ എൻ.നാരായണൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ റ്റി.റജിമോൾ എന്നിവർ പ്രസംഗിച്ചു.
യോഗത്തില്‍ സ്കൂൾ സംരക്ഷണ- വികസന കമ്മറ്റിയും രൂപീകരിച്ചു.