ഇടുക്കി: ഇടുക്കി ,മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്‌ഇബിയും. ചെറുഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. മഴക്കെടുതി നേരിടാന്‍ ക്യാമ്ബുകളടക്കമുള്ള എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. ഇന്നലെ രാത്രി ഏഴിലെ കണക്കനുസരിച്ച് 2382.68 അടിയാണ് ജലനിരപ്പ്.
കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെക്കാള്‍ ആറടിയോളം വെള്ളം കൂടുതലാണിത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ രണ്ടടി വെള്ളം ഉയര്‍ന്നു. നിലവിലെ റൂള്‍കേര്‍വ് പ്രകാരം 2395.21 അടി വരെ വെള്ളം സംഭരിക്കാനാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് 74.6 മില്ലിമീറ്റര്‍ മഴ പെയ്തു. ഈ മാസം ഇതുവരെ 257.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. മുല്ലപ്പെരിയാറില്‍ 126.75 അടിയാണ് ജലനിരപ്പ്. ഒരു ദിവസത്തിനുള്ളില്‍ ഒരടിവെള്ളം ഉയര്‍ന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ പേടി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
പെട്ടിമുടി ദുരന്തത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത എടുക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.