തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്.
പ്രവാസികളെന്നാല്‍ വിരലിലെണ്ണാവുന്ന സമ്പന്നര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ലോകകേരള സഭയിലും സമ്പന്നന്മാരുടെ ആധിപത്യമാണ് കണ്ടത്. കോടിക്കണക്കിനു രൂപ ലോക കേരള സഭയ്ക്ക് ചെലവഴിക്കുകയും ചെയ്തു. ധൂര്‍ത്തും ആര്‍ഭാടവും മൂലമാണ് യുഡിഎഫ് ലോകകേരള സഭ ബഹിഷ്‌കരിച്ചത്. ഒന്നാം ലോക കേരള സഭ നാലു കോടിയുടെ ധൂര്‍ത്തായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.