തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2018 ലെ സുപ്രീം കോടതി പരാമര്‍ശം പ്രകാരം 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു. ഇന്‍ഫ്ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട. ഇതിലും കൂടുതല്‍ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018. അന്ന് പോലും മുല്ലപ്പെരിയറില്‍ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല.
തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 136 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി.