കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് 142 അടിയായി രേഖപ്പെടുത്തിയത്. സ്പില്‍വേയിലെ V3 ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 144 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണല്‍ വഴി സെക്കന്‍ഡില്‍ 1867 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്. സെക്കന്‍ഡില്‍ 2011 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടി അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ബോധിപ്പിച്ചു.
സുപ്രീംകോടതിയുടെ ഇടക്കാല നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മേല്‍നോട്ടസമിതിക്ക് നിര്‍ദേശം നല്‍കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതരത്തില്‍ മേല്‍നോട്ടസമിതി പ്രവര്‍ത്തിക്കണമെന്നും ജലം തുറന്നുവിടുന്നതില്‍ തീരുമാനമെടുക്കാന്‍ കേരള, തമിഴ്നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപവത്കരിക്കണമെന്നും അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടു. അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കിയെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.