തൃശൂര്‍ : ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെ മുംബൈ മലയാളി തൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മുംബൈയില്‍ സാകിനാക്കയില്‍ താമസിക്കുന്ന ജോണ്‍സന്‍ ജോസഫാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ എം ജി റോഡിലുള്ള നാഷണല്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇയാള്‍ കേരളത്തിലെത്തി നിലവിലെ നിയമമനുസരിച്ചു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.
ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നതാണ്. മുംബൈയില്‍ സാകിനാക്കയില്‍ മഹാവീര്‍ നിവാസില്‍ താമസിച്ചിരുന്ന ജോണ്‍സണ്‍ വിവാഹിതനാണെങ്കിലും കുട്ടികളില്ല. മുംബൈയിലെ വീട്ടിലുള്ള ഭാര്യക്കും മരണ കാരണം വ്യക്തമല്ല. മുംബൈയില്‍ ചിട്ടിയും ബന്ധപ്പെട്ട പണമിടപാടുകളുമായി കഴിയുകയായിരുന്നു.