മുംബൈ : മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്‌കൂൾ വാനിനുള്ളിൽവെച്ച് മൂന്ന് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30-കാരനായ സ്‌കൂൾ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുട്ടികളെ കൊണ്ടുപോകുന്നതിനായി സ്‌കൂൾ അധികൃതർ വാടക അടിസ്ഥാനത്തിൽ എടുത്ത സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ പ്രതി. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾവിട്ടശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ, 12.30-ഓടെയാണ് അതിക്രമം നടന്നത്. വാനിൽ അവസാനം ഇറങ്ങാനുണ്ടായിരുന്ന വിദ്യാർത്ഥിയായിരുന്നു മൂന്നുവയസുകാരി. വാനിൽ മറ്റാരുമില്ലാതിരുന്ന ഈ സമയത്താണ് ഡ്രൈവർ കുറ്റകൃത്യം ചെയ്തത്. വീട്ടിലെത്തിയ കുട്ടി, തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരോട് പറഞ്ഞു.
വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ചും കുട്ടി പരാതിപ്പെട്ടു. പിന്നാലെയാണ് കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകിയത്. പോലീസ് ഉടനടി നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. ‘അതിക്രമത്തിന് ഇരയായ മൂന്നുവയസുകാരി ദിവസവും മറ്റ് കുട്ടികൾക്കൊപ്പം ഈ സ്വകാര്യ ബസിലാണ് സ്‌കൂളിൽ പോകുന്നതും തിരികെ വരുന്നതും. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കമോഥെയിലെ കിന്റർഗാർട്ടൻ, പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളെ വീട്ടിലാക്കാൻ പ്രതി ബസിൽ കയറ്റിയിരുന്നു.
മറ്റ് കുട്ടികളെല്ലാം അവരുടെ സ്ഥലങ്ങളിൽ ഇറങ്ങിയതിനെ തുടർന്ന് പെൺകുട്ടി ബസിൽ തനിച്ചായ സമയം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്’, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘വീട്ടിലെത്തിയ കുട്ടി വയറുവേദനയെന്ന് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ‘ഡ്രൈവർ അങ്കിൾ’ ബസിനുള്ളിൽവെച്ച് തന്നെ ഉപദ്രവിച്ചതായി കുട്ടി മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി സ്‌കൂൾ മാനേജ്മെന്റിനോട് പരാതിപ്പെടുകയും തുടർന്ന് ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ ഡ്രൈവർക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. സ്‌കൂൾ മാനേജ്മെന്റ് ജീവനക്കാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും’, പോലീസ് വ്യക്തമാക്കി.
12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാരതീയ ന്യായ സംഹിത വകുപ്പും, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച പ്രതിയെ പൻവേൽ കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്.


































