പത്തനംതിട്ട : പ്രളയമുണ്ടായാല്‍ പത്തനംതിട്ട നഗരസഭയിലെ ഏതൊക്കെ പ്രദേശത്തെ, എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഇനിയും അനായാസം അറിയാം. മുനിസിപ്പാലിറ്റിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ കാണിക്കുന്ന മാപ്പ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ വിഭാഗം അവസാന വർഷ ബിരുദ വിദ്യാർത്ഥിനികൾ തയ്യാറാക്കി നഗരസഭയ്ക്ക് സമർപ്പിച്ചു.
പ്രളയം കൂടുതലായി ബാധിക്കുന്ന പ്രദേശങ്ങള്‍ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും. കഴിഞ്ഞ പ്രളയം ഏതെല്ലാം വാർഡുകളെ എത്രത്തോളം ബാധിച്ചുവെന്ന് ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രളയം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികൾ നഗരസഭയ്ക്ക് ആവിഷ്കരിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഈ മാപ്പ് പ്രയോജനപ്പെടും.
കോളേജിലെ പഠനത്തിന്റെ ഭാഗമായി ജനോപകാരപ്രദമായ ഈ പ്രബന്ധം പ്രൊഫ. മുഹമ്മദ് മുർഷിദ് എയുടെ നേതൃത്വത്തില്‍ മേഘ എൻ പി , സൽമ സഹീർ , സിനി ജോസ് എന്നീ വിദ്യാര്‍ത്ഥിനികളാണ് തയ്യാറാക്കിയത്. സിവിൽ വിഭാഗം മേധാവി പ്രൊഫ. ലീന വി.പി നഗരസഭാധ്യക്ഷ റോസിലിൻ സന്തോഷിന് മാപ്പ് കൈമാറി. നഗരസഭാ സെക്രട്ടറി മുംതാസ്, പ്രൊഫ. മുഹമ്മദ് അഷറഫ് എന്നിവര്‍ സന്നിഹരായിരുന്നു.