പഞ്ചാബ് : അമൃത്സറിൽ സുവർണ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ചു കൊന്നു. ശനിയാഴ്ച വൈകുന്നേരം ആറോടെ ദർബാർ സാഹിബ് ശ്രീകോവിലിൽ പതിവ് പ്രാർഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഗുരു ഗ്രന്ഥ സാഹിബിനെ അനാദരിക്കാൻ ഒരാള്‍ ശ്രമിച്ചെന്നും ഉടൻ തന്നെ ശിരോമണി സമിതി ജീവനക്കാർ തടയുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറയുന്നു.
രോഷാകുലരായ ഭക്തർ ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുവർണ ക്ഷേത്രത്തിനുള്ളിലെ റെയിലിംഗിന് മുകളിലൂടെ ഇയാൾ ചാടുകയും സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. അവിടെയുണ്ടായിരുന്നവർ ഇയാളെ തടഞ്ഞു നിർത്തി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.