മീററ്റ്: പ്രണയബന്ധത്തിന്റെ പേരില്‍ സഹോദരിയെ അര്‍ധസഹോദരന്‍ വെടിവെച്ചു കൊന്നു. മീററ്റിലെ സര്‍ദാന സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ടീന ചൗധരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടീനയുടെ അര്‍ധസഹോദരന്‍ പ്രശാന്ത് ചൗധരി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. മുഖ്യപ്രതിയായ പ്രശാന്തിനെ പിടികൂടാനായിട്ടില്ലെങ്കിലും കുടുംബാംഗങ്ങളായ നാലുപേര്‍ കസ്റ്റഡിയിലാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ചയായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ടീനയും ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം ടീന വീട്ടിലറിയിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഒരുകാരണവശാലും ഈ ബന്ധം അംഗീകരിക്കില്ലെന്നും അവസാനിപ്പിക്കണമെന്നും പ്രശാന്ത് അടക്കമുള്ളവര്‍ ടീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ടീന തന്റെ പ്രണയം തുടരുകയായിരുന്നു.
ശനിയാഴ്ച ബന്ധുക്കളടക്കം പങ്കെടുത്ത ഒരു ജന്മദിന ആഘോഷത്തിനിടെയാണ് പ്രശാന്ത് ടീനയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം അമിതമായി മദ്യപിച്ച പ്രശാന്ത് ടീനയുടെ നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തത്. സംഭവത്തിനുശേഷം പ്രശാന്ത് ഓടിരക്ഷപ്പെട്ടു.
അതേസമയം വെടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ടീനയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമികള്‍ വെടിവെച്ചതാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം മൊഴിനല്‍കിയത്. സംഭവസ്ഥലത്ത് നിന്ന് രക്തക്കറയടക്കം തുടച്ചുനീക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച പോലീസിന് സംശയം വര്‍ധിച്ചതോടെയാണ് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് പ്രശാന്താണ് കൃത്യം നടത്തിയതെന്ന വിവരം മനസിലായത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.