തിരുവനന്തപുരം: ഏഴ് മാസത്തിന് ശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്നു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം നല്‍കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഏഴ് മാസമായി മൃഗശാലയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിട്ടില്ല. ആരും വരാതിരുന്ന കാലത്ത് മൃഗങ്ങളൊക്കെ കൂടുതല്‍ ഉന്മേഷത്തിലായിരുന്നു എന്ന് മൃഗശാല അധികൃതര്‍ പറയുകയുണ്ടായി.
മ്യൂസിയത്തിലെ പതിവ് നടപ്പുകാര്‍ക്കും ആശ്വസിക്കാവുന്നതാണ്. സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ആള്‍ക്കൂട്ടം നിയന്ത്രിക്കും. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും ഏകദേശം ആറ് കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് ആശങ്കയുടെ സാഹചര്യത്തില്‍ മാര്‍ച്ചിലാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചത്.