കൊച്ചി: മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎല്‍എ. പിന്നില്‍ സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് എംഎല്‍എ ആരോപിച്ചു.
അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. അക്രമത്തിന് പിന്നില്‍ പ്രതിഷേധക്കാര്‍ അല്ലെന്നും മുത്തൂറ്റില്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജോര്‍ജ് അലക്‌സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു. ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം രണ്ടാം തീയതി മുതല്‍ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്.
സമരത്തെത്തുടര്‍ന്ന് മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് എംഡിയുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേര്‍ കല്ലെറിഞ്ഞു എന്നാണ് മാനേജ്മെന്റ് പറയുന്നത്. ജോര്‍ജ്ജ് അലക്‌സാണ്ടറും മകന്‍ ഈപ്പന്‍ അലക്‌സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് വലിയ കോണ്‍ക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്‌മെന്റ് പറയുന്നു. ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടുണ്ട്. മുന്‍വശത്ത് ഇരുന്ന എംഡി ജോര്‍ജ്ജ് അലക്‌സാണ്ടറിന് പരിക്കേറ്റു. പിന്‍വശത്തെ ഗ്ലാസും തകര്‍ന്നെങ്കിലും പിന്നിലിരുന്ന ഈപ്പന്‍ അലക്‌സാണ്ടറുടെ ദേഹത്ത് കൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.