ദില്ലി: ജെഎന്‍യു ക്യാംപസിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ എന്ന തീവ്ര ഹിന്ദു സംഘടന രംഗത്ത്. ജെഎന്‍യുവില്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്തത് തങ്ങളുടെ ആളുകളാണെന്നും ഹിന്ദു രക്ഷാദളിന്റെ നേതാവ് പിങ്കി ചൗധരി എന്നയാള്‍ അവകാശപ്പെട്ടു. രാജ്യവിരുദ്ധ ശക്തികളുടെ വിളനിലമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ജെഎന്‍യു ക്യാംപസ് മാറിയെന്നും ഇതിനെതിരായാണ് തങ്ങള്‍ പ്രതികരിച്ചതെന്നും പിങ്കി ചൗധരി വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിച്ചതച്ചത്.
കമ്മ്യൂണിസ്റ്റുകളുടെ താവളമായി ജെഎന്‍യു മാറിക്കഴിഞ്ഞു. ഇത്തരം താവളങ്ങളെ വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റു സര്‍വ്വകലാശാലകളില്‍ ഉണ്ടായാല്‍ അവിടേയും സമാനമായ നടപടികളുണ്ടാവുമെന്നും പിങ്കി ചൗധരി മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അവരിവിടെ നിന്നും തിന്നുന്നു, അവര്‍ക്ക് ഇവിടെ വിദ്യാഭ്യാസം കിട്ടുന്നു, എന്നിട്ട് ഈ മണ്ണില്‍ നിന്നു കൊണ്ടു തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഞങ്ങളുടെ ആളുകളാണ്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ ഞങ്ങള്‍ എന്നും തയ്യാറാണ്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോയിലൂടെ പിങ്കി ചൗധരി പറയുന്നു. പിങ്കി ചൗധരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.