തിരുവനന്തപുരം : മുട്ടില്‍ മരംമുറി വിവാദത്തില്‍ മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനേയും കെ. രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം. ഇരുവരുടേയും ഭാഗത്തു പിഴവുകളില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് മുട്ടില്‍ മരംമുറിക്കല്‍ വിവാദം സിപിഐയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതു മനസിലാക്കി ആയിരുന്നു ഇന്നലെ എം.എന്‍.സ്മാരകത്തില്‍ നടന്ന കൂടിക്കാഴ്ചയും പരിശോധനയും. സംസ്ഥാന സെക്രട്ടറി റവന്യൂമന്ത്രി കെ.രാജന്‍, മുന്‍മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.രാജു, ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എന്നിവരാണ് ഫയലുകളടക്കം പരിശോധിച്ച് നിലപാട് സ്വീകരിച്ചത്. ഉത്തരവിന്റെ പേരിലുള്ള വിവാദം അനാവശ്യമാണ്.
2005 മുതല്‍ ഉയര്‍ന്നുവന്ന ആവശ്യമാണ് പല തലങ്ങളില്‍ നടന്ന കൂടിയാലോചനകള്‍ക്കുശേഷം സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍വകക്ഷി യോഗവും ഇക്കാര്യം ആവശ്യപ്പെട്ടു. സദുദ്ദേശ്യത്തോടെയുള്ള ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്തവര്‍ക്കെതിരെ നടപടി വേണം. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തില്‍ ക്രമക്കേട് നടത്തിയവരുടെ പങ്ക് വെളിച്ചത്തുവരുമെന്നും യോഗം വിലയിരുത്തി. അന്വേഷണം തീരുംവരെ പരസ്യപ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് നിര്‍ദേശം. കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുതുക്കിയിറക്കും.