വയനാട് : മുട്ടില്‍ മരം കൊള്ളയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസര്‍ ഹര്‍ജി നല്‍കി. പ്രധാന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അടുത്ത ഹിയറിംഗ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ അടുത്തദിവസം കേസ് പരിഗണിക്കുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുള്ളത്. മരംകൊള്ളയില്‍ ഈ പ്രതികള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. മരം കരാറെടുത്ത കരാറുകാരന്‍ ഹംസ, മരം മുറിച്ച വ്യക്തി എന്നിവരുടെ മൊഴി പ്രതികള്‍ക്കെതിരാണ്. ഒപ്പം മറ്റു സാഹചര്യത്തെളിവുകളും ഇവര്‍ക്കെതിരാണെന്നും അന്വേഷണ സംഘം പറയുന്നു. അതിനാല്‍ നേരത്തെ അറസ്റ്റ് തടഞ്ഞ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴിഞ്ഞ ദിവസം പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്താനും അന്വേഷണം സംഘം അനുമതി തേടിയിരുന്നു.