കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന് അമിതശബ്ദമുണ്ടാക്കി ദേശീയപാതയിലൂടെ പാഞ്ഞ ബുള്ളറ്റ് യാത്രക്കാരനെ മോട്ടോർ വാഹന വകുപ്പ് സിനിമയെ വെല്ലുന്ന അന്വേഷണത്തിലൂടെ കണ്ടെത്തി. യുവാവും യുവതിയും ധരിച്ചിരുന്ന വസ്ത്രത്തിലെ സ്ഥാപനത്തിന്റെ പേരാണ് ഒടുവിൽ നിയമലംഘകനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് വഴികാട്ടിയായത്. അങ്കമാലി ജംഗ്ഷനിൽ മഫ്തിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി ബുള്ളറ്റിൽ എത്തിയ യുവാവിനെയും യുവതിയെയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയത്.
വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനാൽ ഉടൻ തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇരുവരും ധരിച്ചിരുന്ന യൂണിഫോമിലെ സ്ഥാപനത്തിന്റെ പേര് ഉദ്യോഗസ്ഥർ കുറിച്ചുവെച്ചു. തുടർന്ന് ആ സ്ഥാപനം അങ്കമാലിയിൽ പ്രവർത്തിക്കുന്ന സ്ഥലം കണ്ടെത്തിയ ഉദ്യോഗസ്ഥർ അവിടെ നേരിട്ടെത്തി. മൊബൈലിൽ പകർത്തിയ ചിത്രം സുരക്ഷാ ജീവനക്കാർക്ക് കാണിച്ചപ്പോൾ ചിത്രത്തിലുള്ളയാൾ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഘം യുവാവിനെ കണ്ടെത്തി നടപടി സ്വീകരിച്ചത്.






























