പത്തനംതിട്ട : വിവാഹം ഉറപ്പിച്ച യുവതിയുടെ ദുരൂഹ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവാവിനെ രഹസ്യമായി വിദേശത്തേയ്ക്കു കടത്താന്‍ ശ്രമം. മൈലപ്ര സ്വദേശിനിയായ അമൃതയാണ് കഴിഞ്ഞയാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ മകനാണ് പ്രതിസ്ഥാനത്തുളള അശ്വിന്‍. അമൃത മരിച്ച ദിവസം മൂന്നു തവണ അശ്വിന്‍ ഫോണ്‍ ചെയ്തു അമൃതയുമായി വഴക്കുണ്ടാക്കിയിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതിനാല്‍ അമൃതയുടെ വീട്ടിലെ നിത്യ സന്ദര്ശകനുമായിരുന്നു അശ്വിന്‍. മലയാലപ്പുഴ തലച്ചിറ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്നു അമൃത.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അശ്വിനെ എങ്ങനെയും നാടുകടത്താനുള്ള ശ്രമമാണ് കാനഡയിലുള്ള അശ്വിന്റെ സഹോദരനും പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ആയ പിതാവ് പി എസ് മോഹനനും നടത്തുന്നത്.
മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ അശ്വിന്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അമൃതയുടെ ആത്മഹത്യക്ക് പിന്നില്‍ അശ്വിന്റെ വ്യക്തമായ പങ്കുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കേസില്‍ നിന്ന് തടിയൂരാനാണ് രഹസ്യമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ പെരുനാട് മേഖലാ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ് അശ്വിന്‍. പാര്‍ട്ടി ചുമതലകള്‍ പോലും മറ്റാരെയും ഏല്‍പ്പിക്കാതെ വിദേശത്തേയ്ക്കു കടത്താനാണ് പി.എസ് മോഹനന്റെ നീക്കമെന്ന് പറയപ്പെടുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും അറിയാതെ വളരെ രഹസ്യമായാണ് വിദേശ യാത്രക്ക് നീക്കം നടക്കുന്നത്.