പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്കില്‍ ജപ്തി നടപടികളും ലേല നടപടികളും ആരംഭിക്കുന്നു. സഹകരണ വകുപ്പ് താല്‍ക്കാലിക സെയില്‍ ഓഫീസറെ നിയമിച്ചതോടെയാണ് ലേലനടപടികള്‍ക്കുള്ള തടസ്സം മാറിയത്. വായ്പാ കുടിശ്ശികയെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുവാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ സെയില്‍ ഓഫീസര്‍ വേണം. നേരത്തെയുണ്ടായിരുന്ന സെയില്‍ ഓഫീസര്‍ സ്ഥലംമാറി പോയതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ചുമതല വഹിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. മൈലപ്രാ ബാങ്ക് ഭരണസമിതി പിരിച്ചു വിടുന്നതിനു മുന്നോടിയായി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും കുടിശ്ശിക പിരിച്ചെടുക്കാന്‍ ഭരണസമിതി താല്‍പ്പര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ജപ്തി നടപടികള്‍ക്കും ലേല നടപടികള്‍ക്കും തടസ്സങ്ങള്‍ സൃഷ്ടിച്ചത് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു. കുടിശ്ശികക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബാങ്കിന്റെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെപ്പിച്ചതും സഹകരണ വകുപ്പാണ്. സെയില്‍ ഓഫീസറെ നിയമിക്കാഞ്ഞതിനാല്‍ ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുവാനും കഴിഞ്ഞിരുന്നില്ല. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കഴിഞ്ഞദിവസം ജോയിന്റ് രജിസ്ട്രാറെ നേരില്‍കണ്ട് ഈ വിഷയം ഉന്നയിച്ചിരുന്നു. ബാങ്കിന് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ലേല നടപടികള്‍ തടസ്സപ്പെട്ടതുകൊണ്ടാണെന്നും ഇതിനു കാരണക്കാര്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആണെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ താല്‍ക്കാലിക സെയില്‍ ഓഫീസറെ അടിയന്തിരമായി നിയമിച്ചത്. കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെയാണ് നീങ്ങുന്നത്.
വരും ദിവസങ്ങളില്‍ ലേലനടപടികള്‍ ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. ആദ്യ പടിയായി പത്തോളം പേരുടെ വസ്തുവകകളാണ് ലേലം ചെയ്യുക. ഇതിന്റെ പത്രപ്പരസ്യം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിട്ടും പലരും കുടിശ്ശിക അടക്കുവാന്‍ തയ്യാറാകുന്നില്ല. വന്‍ കുടിശ്ശിക വരുത്തിയ ചിലര്‍ സംഘടിതമായി ബാങ്കിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മാനുഷിക പരിഗണനകള്‍ വെച്ചുകൊണ്ട് അര്‍ഹതപ്പെട്ട ചിലര്‍ക്ക് സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോടും വിട്ടുവീഴ്ച ചെയ്യില്ലെന്നും ബാങ്കില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.