കൊച്ചി :നക്സല്‍ വര്‍ഗീസ് വധത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബന്ധുക്കള്‍ നല്‍കിയ ഹരജി തീര്‍പ്പാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന്‍റെ സഹോദരന്‍ എ. തോമസടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് തീര്‍പ്പാക്കിയത്. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതോടെ ഹര്‍ജിക്കാരോട് സര്‍ക്കാറിനു മുന്നില്‍ രണ്ടാഴ്ചക്കകം ഉചിതമായ അപേക്ഷ സമര്‍പ്പിക്കാനും അതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
വര്‍ഗീസിനെ സ്റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വര്‍ഗീസിന്‍റെ ബന്ധുക്കള്‍ ഹരജി നല്‍കിയത്. പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട കൊടും കുറ്റവാളി വര്‍ഗീസിന്‍റെ സഹോദരങ്ങള്‍ എന്ന നിലയില്‍ പൊതു സമൂഹത്തില്‍ നിന്ന് അവഹേളനവും മനുഷ്യത്വരഹിതമായ സമീപനങ്ങളും നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് ഹരജിക്കാരുടെ വാദം.
കൊടും കുറ്റവാളിയായ നക്സല്‍ വര്‍ഗീസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും 1970 ഫെബ്രുവരി 9,10 തീയതികളില്‍ തിരുനെല്ലിയിലുണ്ടായ കവര്‍ച്ചയിലും കൊലപാതകത്തിലും ഇയാള്‍ പ്രതിയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ സര്‍ക്കാര്‍ നേരത്തെ ഹൈകോടതിയില്‍ വിശദീകരണം നല്‍കിയത് വിവാദമായിരുന്നു.