പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ വിദ്യാഭ്യാസ – കലാ – കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന യുഡിഎഫിലെ കേരള കോൺഗ്രസ് അംഗം ദിപു ഉമ്മന്‍ മുന്നണി മര്യാദകൾ പാലിക്കാത്തതിനാല്‍ യുഡിഎഫ് പാർലമെൻററി പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
ദിപു ഉമ്മന്‍ വിട്ടുനിന്നതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ ഇടതുപക്ഷ അംഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നതിനുള്ള സാഹചര്യമുണ്ടായത്. കഴിഞ്ഞ ആഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബാബു ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായാണ് കേരള കോൺഗ്രസ് അംഗം ദിപു ഉമ്മന്‍ പ്രവർത്തിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസിലെ തന്നെ ഷൈനി ജോർജിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി നിര്‍ത്തിയിരുന്നത്.
യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ അഡ്വക്കേറ്റ് റോഷൻ നായരുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയർപേഴ്സൺ റോസിലിന്‍ സന്തോഷ്, വൈസ് ചെയർമാൻ എ.സഗീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റജീന ഷെരീഫ്, കെ.ജാസീംകുട്ടി, സിന്ധു അനിൽ, സജി കെ.സൈമണ്‍, കൗൺസിൽ അംഗങ്ങളായ പി കെ ജേക്കബ്, രജനി പ്രദീപ്, ഗീതാ സുരേഷ്, കെ.ആര്‍ അരവിന്ദാക്ഷന്‍ നായര്‍, ഷൈനി ജോര്‍ജ്ജ്, ബീനാ ഷെരീഫ്, സുശീലാ പുഷ്പന്‍, സജിനി മോഹന്‍, സന്ധ്യ സജീവ്, അംബിക വേണു, ബിജിമോള്‍ മാത്യു, ആമിനാ ഹൈദരാലി എന്നിവർ പങ്കെടുത്തു.