കൊച്ചി : നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളെ (NBFC) വെട്ടിലാക്കിക്കൊണ്ട് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം 2025 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നു. നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. NBFC കള്‍ കടപ്പത്രത്തിലൂടെ സ്വീകരിക്കുന്ന നിക്ഷേപം അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം പൂര്‍ണ്ണമായി തിരികെ നല്‍കണം. ഇങ്ങനെയുള്ള നിക്ഷേപത്തിന് പലിശ ഒന്നും ലഭിക്കില്ല എന്ന് മാത്രം. അടിയന്തിരാവശ്യത്തിനല്ലെങ്കിലും നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപം മടക്കിനല്കണം. എന്നാല്‍ നിക്ഷേപത്തിന്റെ പകുതി തുക മാത്രമേ ഇപ്രകാരം മടക്കി ലഭിക്കുകയുള്ളൂ. അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകമാകുന്നത്.
എന്‍.ബി.എഫ്.സികള്‍ വിവിധയിനം കടപ്പത്രത്തിലൂടെയാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രധാനം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണ്. അതായത് ഈ നിക്ഷേപം ഓഹരിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ കണ്‍വേര്‍ട്ട് ചെയ്യുവാന്‍ കഴിയില്ല. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മാത്രമേ ഈ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും കഴിയുമായിരുന്നുള്ളു. ഉദാഹരണമായി അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള NCD യിലാണ് നിങ്ങള്‍ പണം നിക്ഷേപിച്ചതെങ്കില്‍ ഈ കാലാവധി കഴിഞ്ഞു മാത്രമേ നിങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും അവകാശം ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുകയാണ്. പലിശ നഷ്ടപ്പെട്ടാലും നിക്ഷേപം മുഴുവനായോ ഭാഗികമായോ തിരികെ ലഭിക്കും. കേരളത്തിലെ മിക്ക NBFC കളും ധൂര്‍ത്തിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും കൂത്തരങ്ങായി മാറിക്കഴിഞ്ഞു. NCD യില്‍ നിക്ഷേപം നടത്തിയാല്‍ പിന്നെ നിക്ഷേപകന് വായ തുറക്കുവാന്‍ കഴിയില്ല. എല്ലാം തീരുമാനിക്കുന്നത് കമ്പിനിയാണ്. കമ്പിനി പറയുന്നത് നിക്ഷേപകന്‍ അനുസരിക്കുകയെ നിര്‍വ്വാഹമുള്ളു.
മുമ്പ് ഫിക്സഡ് ഡെപ്പോസിറ്റിലൂടെ ആയിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. ഇത് ഏതു സമയത്ത് വന്ന് തിരികെ ചോദിച്ചാലും ഫിക്സഡ് ഡെപ്പോസിറ്റ് ക്യാന്‍സല്‍ ചെയ്ത് പണം മടക്കി നല്‍കേണ്ടി വന്നിരുന്നു. പലിശ മാത്രമാണ് കുറവ് ചെയ്തിരുന്നത്. ഇത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരുന്നു. അതായത് ഒരുകൂട്ടം നിക്ഷേപകര്‍ ഒന്നിച്ചെത്തി തങ്ങളുടെ നിക്ഷേപം മടക്കി ആവശ്യപ്പെട്ടാല്‍ എത്ര വലിയ സ്ഥാപനം ആയിരുന്നാലും അവര്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് പലരും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളിലേക്ക് (NBFC) നീങ്ങിയത്. സ്വര്‍ണ്ണപ്പണയവും മൈക്രോ ഫിനാന്‍സ് ലോണുമൊക്കെ ചെയ്യാവുന്ന NBFC കള്‍ വളരെ പെട്ടെന്നാണ് കേരളത്തില്‍ തഴച്ചുവളര്‍ന്നത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്ക് കടപ്പത്രത്തിലൂടെ (ഡിബഞ്ചറുകള്‍) മാത്രമേ നിക്ഷേപം സ്വീകരിക്കുവാന്‍ കഴിയൂ. ഇപ്രകാരം കടപ്പത്രത്തിലൂടെ സ്വീകരിക്കുന്ന പണം നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാതെ തിരികെ നല്‍കുകയും വേണ്ട. ഇതാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ NBFC കളിലേക്ക് പെട്ടെന്ന് ചേക്കേറാന്‍ ഉണ്ടായ കാരണം. സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams