തിരുവനന്തപുരം : മന്ത്രി എ.കെ. ശശീന്ദ്രനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ശശീന്ദ്രന്‍റെ വീട്ടില്‍ ചേര്‍ന്നത് ഗ്രൂപ്പ് യോഗം ആയിരുന്നുവെന്ന് ടി.പി. പീതാംബരന്‍ പറഞ്ഞു.
ശശീന്ദ്രന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുള്ള നേതാവാണെന്നും ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു യോഗത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും ടി. പി. പീതാംബരന്‍ തുറന്നടിച്ചു. എന്‍സിപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുപത്തിമൂന്നാം തീയതി ദേശീയ അധ്യക്ഷന്‍റെ സാന്നിധ്യത്തില്‍ യോഗം ചേരാനിരിക്കുന്നതിനിടയില്‍ ആണ് മന്ത്രി എ. കെ. ശശീന്ദ്രന്റെ വീട്ടില്‍ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത്.
ശശീന്ദ്രന്‍റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ പുതുമയില്ലെന്നും ഇടതു മുന്നണിയില്‍ തുടരുക എന്നത് പാര്‍ട്ടി നേരത്തെ എടുത്ത തീരുമാനം ആയിരുന്നു എന്നും പീതാംബരന്‍ വ്യക്തമാക്കി. ഒരിടവേളയ്ക്കു ശേഷം പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ വിഭാഗവും ടി. പി. പീതാംബരന്‍ വിഭാഗവും തമ്മിലുള്ള ഗ്രൂപ്പ് പോര് ശക്തമാകും എന്നുള്ളതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.