കൊച്ചി : മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി വീട്ടമ്മ. കൊച്ചിയിലെ കണ്ടെയ്നര്‍ റോഡിലാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശരീര അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി ശാന്തി എന്ന വീട്ടമ്മ നിലയുറപ്പിച്ചത്. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെയാണ് ശാന്തിയും മക്കളും റോഡില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചതും ബോര്‍ഡെഴുതി വെച്ചതും.
ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡില്‍ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പര്‍ സഹിതം ഇതിലുണ്ടായിരുന്നു.
ഇവരുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മൂന്ന് പേര്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞതാണ്. കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു. ഇരുപത് ലക്ഷം രൂപയോളം കടമുണ്ട്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഇത്തരമൊരു വഴി ശാന്തി തിരഞ്ഞെടുത്തത്. മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി ശാന്തി റോഡില്‍ നിലയുറപ്പിച്ചതോടെ കുട്ടികളേയും ഇവരെയും പോലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ മാറ്റി.