പത്തനംതിട്ട : കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ആനത്തോട് റിസര്‍വോയര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.
രാജ്യത്തിന്റെ ഉള്‍നാടന്‍ മത്സ്യോത്പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വോയറുകളിലെ മത്സ്യകൃഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ കൂട് മത്സ്യകൃഷി പദ്ധതിക്ക് 16.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വൈവിധ്യം നിറഞ്ഞ ഉള്‍നാടന്‍ ജലസ്രോതസുകളാല്‍ സമ്പുഷ്ടമായ കേരളത്തില്‍ മത്സ്യകൃഷി വികസനത്തിനു വളരെയേറെ സാധ്യതകളുണ്ട്.
സംസ്ഥാനത്ത് ലഭ്യമായ ശുദ്ധജല സ്രോതസുകളില്‍ ഭൂരിഭാഗം വരുന്ന അണക്കെട്ടുകളില്‍ ഏറിയ പങ്കും ഇറിഗേഷന്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, വനം വകുപ്പുകളുടെ കീഴിലാണ്. പത്തനംതിട്ട ജില്ലയിലെ കക്കി, വയനാട് ജില്ലയിലെ ബാണാസുര സാഗര്‍, കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ പെരുവണാമൂഴി എന്നീ റിസര്‍വോയറുകളിലാണു പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയനുസരിച്ച് ഓരോ റിസര്‍വോയര്‍ പരിസരത്തും താമസിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ തൊഴിലാളികളെ സംഘടിപ്പിച്ച് 100 പേര്‍ വീതമുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളായി തിരിച്ച് 6×4×4 മീറ്റര്‍ വലുപ്പമുള്ള 400 എച്ച്ഡിപിഇ കേജുകള്‍ നാല് റിസര്‍വോയറുകളിലായി സ്ഥാപിച്ച് മത്സ്യകൃഷി നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഫിഷറീസ് ഡയറക്ടര്‍ ആര്‍.ഗിരിജ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, കോന്നി ഡി.എഫ്.ഒ ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.