കൊച്ചി : ഒരാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആ വ്യക്തിയുടെ റൂട്ട് മാപ് തയാറാക്കുക എന്നത്. എന്നാല്‍ ഇതിന് സഹായിക്കുന്ന ആപ്പ് തയാറാക്കിയിരിക്കുകയാണ് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫൈത്തണ്‍ ടെക്നോളജീസ്. ‘ട്രേസ് സി’ എന്ന ആപ്പിലൂടെ രോഗിയുടെ യാത്ര വിവരവും എത്രനേരം ഏതൊക്കെ സ്ഥലങ്ങളില്‍ ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കും.
ജിയോ മാപ്പിങ്ങ് സംവിധാനമുപയോഗിച്ചാണ് രോഗിയുടെ യാത്ര വിവരങ്ങള്‍ ശേഖരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നല്കുന്ന ലിങ്കില്‍ കയറിയാല്‍ യാത്ര പാതയടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. അതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതുവഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാം. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാള്‍ എത്രസമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റര്‍ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങള്‍ ട്രേസ് സി വഴി ശേഖരിക്കാം. എറണാകുളം ജില്ല കലക്ടര്‍ എസ്.സുഹാസ് ആപ്പ് ലോഞ്ച് ചെയ്തു.